കോഴിക്കോട്: മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ വരും. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടാകും. അവ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു. മുസ്‍ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച കൗൺസിൽ യോഗത്തിനായി ചെന്നൈയിലെത്തിയതായിരുന്നു സാദിഖലി തങ്ങൾ.
ലീഗ് രൂപീകരണം നടന്ന രാജാജി ഹാളിന് സമീപം നടക്കുന്ന പരിപാടി ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും. വൈകിട്ട് കൊട്ടിവാക്കം വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യാതിഥിയാകും.