തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘‘മുഖ്യമന്ത്രി ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തില്‍ റിപ്പോർട്ടിന്റെ പേരിൽ കേസെടുക്കാനാകില്ല എന്ന് വ്യക്തമാക്കിയതാണ്. പരാതി കിട്ടിയാൽ എത്ര ഉന്നതനാണെങ്കിലും വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതുമാണ്.
രഞ്ജിത്തിനെതിരായ ആരോപണത്തിൽ അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. നടി രഞ്ജിത്തിനെതിരെ പരാതി നൽകുകയാണെങ്കിൽ സർക്കാർ അതിൻമേൽ നടപടി സ്വീകരിക്കും. ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ കേസെടുക്കാനാകില്ല. അങ്ങനൊരു കേസെടുത്താൽ അത് നിലനിൽക്കുകയുമില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ രേഖാമൂലം തന്നാൽ ശക്മായ നടപടിയെടുക്കും.
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ സിപിഎം പരിശോധിക്കാതിരിക്കില്ല.
പരസ്യമായ ആരോപണമാണ് വന്നത്. ആരോപണ വിധേയനും അത് പരസ്യമായി തള്ളിയിട്ടുണ്ട്. അതുകൊണ്ട് പരാതി ലഭിച്ചാലേ നടപടിയെടുക്കാനാകു’’– സജി ചെറിയാൻ പറഞ്ഞു.