തിരുവനന്തപുരം: ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയെത്തുടർന്നു രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശിപാർശ വിയോജിപ്പോടെ അംഗീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പോടെയുള്ള ഗവർണറുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഇന്നു നാലിനു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഭരണഘടനയെ അവഹേളിച്ചതുമായി ബന്ധപ്പെട്ടു കോടതിയിൽ നിലവിലുള്ള കേസിലോ ഭാവിയിൽ വരാൻ സാധ്യതയുള്ള കേസുകളിലോ തിരിച്ചടിയുണ്ടായാൽ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനും ആയിരിക്കുമെന്ന മുന്നറിയിപ്പോടെയാണു സത്യപ്രതിജ്ഞയ്ക്കു ഗവർണർ അനുമതി നൽകിയത്. മുഖ്യമന്ത്രി നിർദേശിക്കുന്ന മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു വിയോജിപ്പോടെ ഗവർണർ അനുമതി നൽകുന്നതു സംസ്ഥാന ചരിത്രത്തിൽ അപൂർവതയായി. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്ന ആശങ്കയ്ക്കും അറുതിയായി.
അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി. ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിക്കാനെത്തിയ ഗവർണർതന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിക്കുന്നതു ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അതനുസരിച്ച് ഇന്നു സത്യപ്രതിജ്ഞ നടക്കുമെന്നും ഗവർണർ അറിയിച്ചു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചെന്നും അതു വെളിപ്പെടുത്തില്ലെന്നും ഗവർണർ പറഞ്ഞു.
ഈ സാഹചര്യത്തിൽ തന്റെ അസന്തുഷ്ടി മുഖ്യമന്ത്രിയെ ഗവർണർ ഫോണിലൂടെ അറിയിച്ചു. ഉത്തമബോധ്യത്തോടെ ആണോ ഇതു ചെയ്യുന്നതെന്നും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നും അദ്ദേഹം ആരാഞ്ഞു. സജി ചെറിയാനെ കുറ്റവിമുക്തനാക്കാനുള്ള നിയമോപദേശം അടക്കമുള്ള രേഖകൾ കൊടുത്തു വിടുന്നതായി മുഖ്യമന്ത്രിയും അറിയിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ താൻ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകുകയാണെന്നും ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ആയിരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞ രേഖകൾ പിന്നീട് രാജ്ഭവനിൽ എത്തിച്ചു കൊടുക്കുകയായിരുന്നു. സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കുന്നതുവരെ ഇക്കാര്യത്തിൽ അനുമതി നൽകാതിരിക്കാനും ഗവർണർക്കു കഴിയുമെന്ന നിയമോപദേശവും ഗവർണർക്കു ലഭിച്ചിരുന്നു.