തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പണമിറക്കി വോട്ട് പിടിക്കുന്നെന്ന ആരോപണവുമായി തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ. തനിക്കെതിരെ തീരദേശം കേന്ദ്രീകരിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ നുണപ്രചാരണം നടക്കുന്നു. നുണപ്രചാരണം നടത്തുന്നത് രാജീവ് ചന്ദ്രശേഖരാണെന്നും തരൂർ മീഡിയവൺ ദേശീയപാതയിൽ പറഞ്ഞു.
‘എൻ.ഡി.എ ഇനി അധികാരത്തിലെത്തില്ല എന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ ഏറ്റവും ശക്തനായ ബി.ജെ.പി നേതാവായ ഒ. രാജഗോപാൽ മത്സരിച്ചിട്ട് ജയിച്ചില്ല. രാജീവ് ചന്ദ്രശേഖർ മന്ത്രിയാകുമെന്ന് എന്താണ് ഉറപ്പ്..’അദ്ദേഹം ചോദിച്ചു.
‘എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നല്ല മനുഷ്യനാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പന്ന്യന് മുസ്‍ലിംകൾക്കിടയിൽ നല്ല ബന്ധമുണ്ട്. എന്നാൽ പന്ന്യന് ഡൽഹിയിൽപ്പോയി എന്ത് ചെയ്യാൻ കഴിയുമെന്ന് സംശയമുണ്ട്. തിരുവനന്തപുരത്തെ ബാഴ്സലോണ മോഡൽ ട്വിൻ സിറ്റി പദ്ധതി നടപ്പാവാതിരിക്കാൻ കാരണം സി.പി.എം ഭരണസമിതിയാണ്. എന്റെ ഭാഗത്ത് നിന്ന് ചെയ്യാനുള്ളതെല്ലാം ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. സി.പി.എമ്മിന്റെ സങ്കുചിത മനോഭാവമാണ് പദ്ധതിയെ കൊല്ലാൻ കാരണം. നഗരസഭ അത് മനപ്പൂർവം വൈകിച്ച് ഒന്നും ചെയ്തില്ല.’ അദ്ദേഹം പറഞ്ഞു.