റിയാദ്: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ട് വരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം വിസക്ക് മാത്രം ഈ നിബന്ധന. മറ്റ് വിസിറ്റ് വിസകളിൽ നിന്ന് ടൂറിസം വിസയെ വ്യത്യസ്തമാക്കുന്ന ഈ പ്രത്യേകത അറിയാതെ ചിലരൊക്കെ വന്ന് കുടുങ്ങുന്ന അനുഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ടൂറിസം വിസയൊഴികെ മേൽപ്പറഞ്ഞ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകളിലെല്ലാം ഒരു വർഷം വരെ രാജ്യത്ത് തങ്ങാൻ കഴിയും. 90 ദിവസം പൂർത്തിയാകും മുമ്പൊന്ന് പുറത്തുപോയി വരണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം. എന്നാൽ ഇൗ സൗകര്യം ടൂറിസം വിസക്കില്ല എന്ന് അറിയാതെ കുടുംബങ്ങളടക്കമാണ് വന്ന് കുടുങ്ങിയത്.
ടൂറിസം വിസ സംബന്ധിച്ച അറിയിപ്പുകളിൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കുന്നില്ല. ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരികയും പുറത്തുപോവുകയും ചെയ്യാം. പക്ഷേ അങ്ങനെ വരുന്ന ദിവസങ്ങളെല്ലാം കൂടി കൂട്ടിയാൽ 90 ദിവസത്തിൽ കൂടാൻ പാടില്ല. അതായത് ടൂറിസം വിസയിൽ വന്ന് ഒറ്റത്തവണയായി 90 ദിവസം വരെ തങ്ങാം, അല്ലെങ്കിൽ അത് ചെറിയ ഘടകങ്ങളാക്കി വീതിച്ച് ഒരു വർഷത്തിനിടയിൽ പലതവണ വരുകയും പോവുകയും ചെയ്യാം. 90 ദിവസത്തിൽ കൂടിയാൽ രാജ്യത്തിന് അകത്താണെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 100 സൗദി റിയാൽ വെച്ച് പിഴ നൽകേണ്ടി വരും. ഈ തുക അടച്ചതിന് ശേഷമേ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനാകൂ.