റിയാദ്: സൗദിയുടെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സൗദി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്ക, അസീർ, ജസാൻ, അൽ-ബഹ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുളളത്. വെളളപ്പൊക്കത്തിന് കാരണമായേക്കാവുന്ന കനത്ത മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മക്ക മേഖലയിൽ തായിഫ്, അൽ ജുമും, ബഹ്‌റ, അൽ ഖുൻഫുദ, അൽ-ലിത്, അൽ-കാമിൽ, ഖുലൈസ്, മെയ്‌സാൻ, അദം, അൽ-അർദിയാത്ത് എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
വാദി അദ്-ദവാസിർ, അസ് സുലൈയിൽ, അൽ ഖുവൈയ്യ, അഫീഫ്, അൽ അഫ്‌ലാജ്, അൽ മുവായ്, അൽ ഖുർമ, റാനിയ എന്നിവയുൾപ്പെടെയുളള റിയാദ് മേഖലയിൽ കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. തുർബ, മദീന, നജ്‌റാൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണം, തോടുകൾ, ചതുപ്പുകൾ, വെള്ളം കയറുന്ന മറ്റ് മേഖലകൾ എന്നിവിടങ്ങളിൽ ഇറങ്ങരുതെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു.