സൗദിയിലെ പണപ്പെരുപ്പം 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. ആഗസ്റ്റിൽ രണ്ട് ശതമാനം മാത്രമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. അവശ്യവസ്തുക്കളുടെ വില രണ്ടു മാസമായി മാറ്റമില്ലാതെ തുടരുന്നു. വിമാന ടിക്കറ്റ് ഉൾപ്പെടെ യാത്രാ ചിലവേറിയതാണ് ആഗസ്റ്റിൽ പണപ്പെരുപ്പം വലിയ മാറ്റമല്ലാതെ തുടരാൻ കാരണം. പണപ്പെരുപ്പം കുറക്കാൻ വിവിധ മന്ത്രാലയങ്ങൾ സഹകരിച്ച് നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. വിപണയിൽ കർശനമായ പരിശോധനയും വിവിധ അതോറിറ്റികൾക്ക് കീഴിൽ നടന്ന് വരുന്നു. ഇത് മൂലം കഴിഞ്ഞ മാസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെയും മറ്റും വിലവർധന പിടിച്ചു നിർത്താൻ സാധിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ രണ്ട് ശതമാനം മാത്രമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ജൂലൈയിൽ ഇത് 2.3 ശതമാനമായിരുന്നു. 18 മാസത്തിനിടയിൽ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിലയിലെത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ ഓഗസ്റ്റിലെ പണപ്പെരുപ്പത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് വാടകയിനത്തിലാണ്. ഭവന വാടക 10.8% വും, അപ്പാർട്ട്മെന്റ് വാടക വിലയിൽ 22.5% വും വർധനവുണ്ടായി. കൂടാതെ പാൽ, പാൽ ഉൽപന്നങ്ങൾ, മുട്ട എന്നിവയുടെ വിലയിൽ 5.9% വർധനവ് ബാധിച്ചു. വിമാനയാത്ര ഉൾപ്പെടെയുള്ള ഗതാഗത സേവനങ്ങളുടെ വിലയിൽ 3.6 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തിയതോടെ, റസ്റ്റോറൻ്റുകൾ, ഹോട്ടൽ, കാറ്ററിംഗ്, വിദ്യാഭ്യാസം എന്നിവയിലും നേരിയ വർധനവുണ്ടായി. വീട്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിലയിൽ 9% വർധനയും, ഭക്ഷണ പാനീയങ്ങളുടെ വില 0.4% വർധിച്ചതും പണപ്പെരുപ്പത്തിന് കാരണമായിരുന്നു.