സൗദിയിൽ താമസ വാടകയിൽ വർധന. ഭവന വാടകയിലും അപ്പാർട്ട്മെൻ്റ് വാടകയിലുമാണ് വർധന രേഖപ്പെടുത്തിയത്. ഇത് പണപ്പെരുപ്പം വർധിക്കാൻ കാരണമായതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി.
ഭവന വാടകയിൽ 9.8 ശതമാനവും, അപ്പാർട്ടമെൻ്റ് വാടകയിൽ 19.8 ശതമാനവും വർധനുവണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് രാജ്യത്തിൻ്റെ പണപ്പെരുപ്പം 21 ശതമാനം വരെ വർധിക്കുന്നതിനും പ്രധാന കാരണമായി.
മുൻ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ ഉപഭോക്തൃ വില സൂചിക കഴിഞ്ഞ സെപ്റ്റംബറിൽ 1.7% ൽ എത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് സെപ്തംബറിലെ പണപ്പെരുപ്പം വർധിച്ചതോടെ ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിലയിൽ 8.1% വർധനയുണ്ടായി. കൂടാതെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയുടെ വിലയിൽ 2.5 ശതമാനം വർധനയുണ്ടായെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.