റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മഴക്കെടുതി നേരിടാൻ വൻ ക്രമീകരണങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരുക്കിയിട്ടുള്ളത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ കഴിയണമെന്ന് അധികൃതർ അറിയിച്ചു..
കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചായി രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ചില പ്രദേശങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയും ലഭിക്കുന്നുണ്ട്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മക്ക മേഖലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരുന്നു. മേഖലയിലൊട്ടാകെ രാവിലെ മുതൽ തന്നെ മേഘാവൃതമായിരുന്നു അന്തരീക്ഷം. മക്കയിലെ മസ്ജിദുൽ ഹറമിൽ ഇന്ന് മഴ ലഭിച്ചു.
മദീന മേഖലയിലെ ചില പ്രദേശങ്ങളിലും ഹായിൽ, ഖസീം, റിയാദിൻ്റെ വടക്ക് പടിഞ്ഞാറ് ഭാഗം, ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലും മഴ പെയ്തു. മഴക്കെടുതികൾ നേരിടുന്നതിനായി പല ഭാഗങ്ങളിലായി ആവശ്യമായ ജീവനക്കാരെ നിയോഗിക്കുയും, പ്രത്യേക ഉപകരണൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
റോഡുകളിൽ വെള്ളം ഉയരുന്നത് തടയാൻ തത്സമയം വെള്ളം വലിച്ചെടുക്കുന്നതിനുള്ള ഉപകരണങ്ങളും പലയിടത്തായി സ്ഥാപിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നും, സിവിൽ ഡിഫൻസിൻ്റെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെയും നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ കഴിയണമെന്നും അധികൃതർ മുന്നറയിപ്പ് നൽകി.