ജിദ്ദ : സൗദിയിൽ വർക്ക് പെർമിറ്റ് ഇല്ലാതെയോ അല്ലെങ്കിൽ അജീർ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാതെയോ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുക. ഇത്തരം കുറ്റങ്ങൾക്ക് തൊഴിലുടമകൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരിഷ്‌കരിച്ച തൊഴിൽ നിയമ ലംഘനങ്ങളുടെയും പിഴകളുടെയും അന്തിമ കരടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരിഷ്‌കരിച്ച നിമമനുസരിച്ച് തൊഴിൽ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ പാലിക്കാതിരിക്കുന്നതും, തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ ലംഘനമായി കണക്കാക്കും. ഇതിന് 1500 മുതൽ 5000 റിയാൽ വരെ പിഴ ഈടാക്കും.
കൂടാതെ സ്ഥാപനത്തിന്റെ പരിസരത്തുള്ളവർക്ക് ഉണ്ടാകുന്ന അപകടങ്ങൾക്ക് തൊഴിലുടമ ഉത്തരവാദിയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 50 ഓ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ശിശു സംരക്ഷണത്തിനായി പ്രത്യേക സ്ഥലമോ നഴ്സറിയോ ഇല്ലാതിരുന്നാലും 5000 റിയാൽ പിഴ നൽകേണ്ടിവരും.
എന്നാൽ ആറ് വയസിന് താഴെയുള്ള പത്തോ അതിൽ അധികമോ കുട്ടികളുള്ള സ്ഥാപനത്തിന് മാത്രമേ ഈ ചട്ടം ബാധകമാകൂ. തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ടോ ഇഖാമയോ സൂക്ഷിക്കുന്ന തൊഴിലുടമക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നും പരിഷ്‌കരിച്ച ചട്ടങ്ങളിൽ വിശദീകരിക്കുന്നുണ്ട്.