റിയാദ്: സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വേനലവധിക്ക് ശേഷം തുറക്കുന്ന തീയതി നീട്ടി. രാജ്യത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ്, ജിദ്ദ, ദമ്മാം, ജുബൈല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് തീയതി നീട്ടിവെച്ചത്. കെ ജി തലം മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ രണ്ടുവരെ അവധിയായിരിക്കും.
എന്നാല്‍ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. അതേസമയം, റിയാദിലെ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്ന് തുറന്നു. രാവിലെ പതിനൊന്നര വരെയാണ് അധ്യയനം. അല്‍ആലിയ, യാര ഇന്റര്‍നാഷണല്‍, മോഡേണ്‍ സ്‌കൂള്‍ എന്നിവയും ഇന്ന് തുറന്നു. രാജ്യത്ത് ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് നീട്ടിയതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.