ജിദ്ദ: സൗദിയിൽ വിദേശികളുടെ പ്രൊഫഷണൽ വെരിഫിക്കേഷൻ ആരംഭിച്ചു. തൊഴിൽ വിസയിലെത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളുമായി സഹകരിച്ചാകും പരിശോധന നടപടികൾ പൂർത്തിയാക്കുക.
മാനവ വിഭവശേഷി, സാമൂഹിക വികസനം, വിദേശകാര്യ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ സേവനം ആരംഭിച്ചത്. തുടക്കത്തിൽ 62 രാജ്യങ്ങളുമായി സഹകരിച്ച് ഏകീകൃത പ്ലാറ്റ് ഫോമിലൂടെ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കും. ഈ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് തൊഴിൽ വിസയിൽ വരുന്നവരുടെ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ് പുതിയ സേവനം.
ഇതിനായി ഒരോ ജോലിക്കുമനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾ ഹാജരാക്കേണ്ടി വരും. കൂടാതെ മുൻ പരിചയം നിഷ്കർഷിക്കുന്ന ജോലിക്കെത്തുന്നവർക്ക് എക്സ്പീരിയൻസ് തെളിയിക്കാനുള്ള രേഖകളും നിർബന്ധമാണ്. സൗദി തൊഴിൽ മേഖലയിലേക്ക് തൊഴിലാളികൾ പ്രവേശിക്കുന്നതിന് മുമ്പുതന്നെ മതിയായ വിദ്യാഭ്യാസ യോഗ്യതയും മുൻ പരിചയവും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.