റിയാദ്: സൗദിയിൽ പ്രവാസികൾക്ക് സ്വന്തം രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവാദമില്ലെന്ന് മുസാനെദ് പ്ലാറ്റ് ഫോം അറിയിച്ചു. വിസക്ക് അപേക്ഷിക്കുന്ന പ്രവാസികൾ സാമ്പത്തിക ശേഷി തെളിയിക്കണമെന്നും പ്ലാറ്റ് ഫോം വ്യക്തമാക്കി. ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള നിരവധി മലയാളികൾക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.
മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾ സ്വന്തം നാട്ടുകാരെ ഹൌസ് ഡ്രൈവർ വിസയിലും മറ്റു ഗാർഹിക തൊഴിൽ വിസകളിലും സൌദിയിലേക്ക് കൊണ്ടുവരാറുണ്ട്. എന്നാൽ വിസക്ക് അപേക്ഷിക്കുന്ന പ്രവാസിയുടെ അതേ രാജ്യത്ത് നിന്നുള്ളവർക്ക് വിസ അനുവദിക്കില്ലെന്ന് പരിഷ്കരിച്ച ചട്ടങ്ങൾ വ്യക്തമാക്കുന്നു. അതേസമയം മറ്റൊരു രാജ്യത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കില്ല.
എന്നാൽ അതിന് അപേക്ഷകനായ പ്രവാസി ഒരു ലക്ഷം റിയാൽ മൂല്യമുള്ള ബാങ്ക് രേഖ സമർപ്പിച്ച് സാമ്പത്തിക ശേഷി തെളിയിക്കണം. കൂടാതെ അപേക്ഷകന് കുറഞ്ഞത് പതിനായിരം റിയാൽ ശമ്പളമുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതേ പ്രവാസി തന്നെ രണ്ടാമതൊരു ഗാർഹിക തൊഴിലാളിക്ക് വേണ്ടി വിസക്ക് അപേക്ഷിക്കുമ്പോൾ കുറഞ്ഞ ശമ്പളം ഇരുപതിനായിരം റിയാലും, ബാങ്ക് ബാലൻസ് രണ്ട് ലക്ഷം റിയാലും ഉണ്ടായിരിക്കണമെന്നുമാണ് വ്യവസ്ഥ.
അപേക്ഷകൻ്റെ സാമ്പത്തിക ഭദ്രത തെളിയിക്കുന്നതിന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ നിന്നുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതാണ്. എന്നാൽ ഈ സർട്ടിഫിക്കറ്റ് വിസക്ക് അപേക്ഷിക്കുന്ന തിയതി മുതൽ 60 ദിവസത്തിൽ കൂടുതൽ പഴയതാകാൻ പാടില്ല. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മുസാനെദ് പ്ലാറ്റ് ഫോം സന്ദർശിക്കാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.