സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം രണ്ടാംപാദം പിന്നിടുമ്പോള്‍ നാല് ശതമാനത്തോളം വളര്‍ച്ച നേടിയതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആയിരത്തി ഒരുന്നൂറ് കോടി റിയാലിന്റെ വിദേശ നിക്ഷേപം രാജ്യത്തെക്കെത്തി.
രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ദേശിയ ബാങ്കായ സാമ വെളിപ്പെടുത്തി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ നാല് ശതാനാത്തിന്റെ വര്‍ധനവാണുണ്ടായത്. 1100 കോടി റിയാലിന്റെ നിക്ഷേപം ഈ കാലയളവില് പുതുതായി രാജ്യത്തേക്കെത്തി. ഇതോടെ സൗദിയുടെ വിദേശ നിക്ഷേപം 2.5 ട്രില്യണ് റിയാലായി ഉയര്ന്നു.
ജി-20 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും സൗദി അറേബ്യ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടി. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിജയം കണ്ടതായാണ് ഇത് തെളിയിക്കുന്നത്. നിക്ഷേപകരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്ത് കൊണ്ട് നിക്ഷേപമന്ത്രാലയം ഇളവുകള്‍ വരുത്തിയിരുന്നു. ഒപ്പം ബിനാമി ബിസിനസുകള്‍ക്കെതിരെ നടപടി ശക്തമാക്കിയതും നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിക്കുന്നതിന് ഇടയാക്കി.