സൗദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പലസ്ഥലങ്ങളിലും പൊടിക്കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പല സ്ഥലങ്ങളിലും ശക്തമായ മഴക്കൊപ്പം 60 കിലോമീറ്ററിലിധികം വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേ സമയം ചില സ്ഥലങ്ങളിൽ മിതമായ മഴക്കൊപ്പം 50 കിലോമീറ്ററിലധികം വേഗതയിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
മക്ക നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴക്കൊപ്പം സജീവമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. അൽ-ജാമൂം, ബഹ്റ, തായിഫ്, അൽ അദം, അർദിയാത്ത്, മെയ്സാൻ, അൽ-കാമിൽ, അൽ-ലെയ്ത്, ഖുൻഫുദ എന്നിവിടങ്ങളിലും യാൻബു, ബദർ എന്നിവ ഉൾപ്പെടെ മദീന മേഖലയിലും അൽ-ബഹ, ഹൈൽ, തബൂക്ക്, അൽ-ജൗഫ്, മറ്റു വടക്കാൻ അതിർത്തി പ്രദേശങ്ങളിലും മഴയും കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും വെള്ളക്കെട്ടുകൾ, താഴ്വരകൾ, വെള്ളം ഒഴുകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും വിട്ട് നിൽക്കണമെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു.