ജിദ്ദ: അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ അനുവദിക്കുന്ന അത്യന്താധുനിക സംവിധാനമൊരുക്കി സൗദി.വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച സൗദി വീസ എന്ന പേരിലുള്ള എകീകൃത ദേശീയ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെയാണ് വീസ ലഭിക്കുന്നത്. സൗദി അറേബ്യയിൽ നിന്ന് വിതരണം ചെയ്യുന്ന എല്ലാത്തരം വീസകളും ഇനി മുതൽ ഈ വെബ് പോർട്ടൽ മുഖാന്തിരം ലഭിക്കും.
ചൊവ്വാഴ്ച നടന്ന ഡിജിറ്റൽ ഗവൺമെൻറ് ഫോറം 2023’ലാണ് ഇതിന് തുടക്കം കുറിച്ചത്. മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ വികസന പദ്ധതിയുടെ ഭാഗമായാണിത്.
30 -ൽ അധികം വിവിധ മന്ത്രാലയങ്ങൾ,അധികാരികൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവയെ പുതിയ പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.ഹജ്ജ്,ഉംറ, ടൂറിസം, ബിസിനസ് സന്ദർശന വീസകൾക്കും തൊഴിൽ വീസകൾക്കും അടക്കമുള്ള എല്ലാത്തരം വീസകൾക്കും വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള നടപടികക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നതിന് ഈ പോർട്ടൽ സഹായിക്കുമെന്ന് സൗദി ഗവൺമെന്‍റ് ഔദ്യോഗീക വാർത്ത ഏജൻസി പറയുന്നു.
വീസ അനുവദിക്കുന്നതിനായി അപേക്ഷ സ്വീകരിച്ച് 45 ൽഏറെ ദിവസങ്ങൾ വേണമായിരുന്നു. ഇപ്പോൾ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഫലമായി സ്ഥിതിഗതികൾ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വീസ ഇന്ന് വിതരണം ചെയ്യാൻ കഴിയും.