റിയാദ്: സൗദിയില്‍ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാക്കി മാറ്റി. ജനുവരി മുതല്‍ വാടക പണമിടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമായിരിക്കുമെന്ന് ഈജാര്‍ കേന്ദ്രം അറിയിച്ചു. ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈജാര്‍ വ്യക്തമാക്കി.
രാജ്യത്തെ വാടക കരാര്‍ പണമിടപാടുകള്‍ ഇലക്ട്രോണിക്‍വത്കരിക്കണമെന്ന മന്ത്രിതല സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനം. രാജ്യത്തെ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക പണമിടപാടുകള്‍ ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമാകും ഇനിമുതല്‍ സ്വീകരിക്കുകയെന്ന് ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും പ്ലാറ്റ്ഫോം വ്യക്തമാക്കി. വാടക കരാറുകള്‍ക്ക് ഇനി മുതല്‍ മാനുവല്‍ റസീപ്റ്റുകള്‍ അംഗീകരിക്കില്ല. പകരം ബാങ്കുകളില്‍ നിന്നും തുക കൈമാറുന്നതിന് ഈജാര്‍ നല്‍കുന്ന അംഗീകൃത ഇലക്ട്രോണിക് റസീപ്റ്റുകളാണ് പ്രൂഫായി സ്വീകരിക്കുക. പാട്ടാകാരനും ഉടമയും തമ്മിലുള്ള പരാതികള്‍ കുറക്കുന്നതിനും ഡോക്യുമെന്റേഷന്‍ നടപടികല്‍ ലഘൂകരിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നും ഈജാര്‍ കേന്ദ്രം വ്യക്തമാക്കി.