റിയാദ് : സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ഫെബ്രുവരി ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. തുടക്കത്തിൽ പുതുതായി എത്തുന്ന തൊഴിലാളികൾക്കാണ് ഇൻഷുറൻസ് നിർബന്ധമാക്കുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആദ്യ 2 വർഷത്തേക്കായിരിക്കും പരിരക്ഷ. ഇതിനുശേഷം ഇൻഷുറൻസ് നിർബന്ധമല്ലെങ്കിലും ആവശ്യക്കാർക്ക് എടുക്കാം. മുസാനദ് പ്ലാറ്റ് ഫോം വഴിയാണ് ഇൻഷുറൻസ് എടുക്കേണ്ടത്.
തൊഴിലാളി ജോലിക്കു വരാതിരിക്കുക, ഒളിച്ചോടുക, മരണമോ അംഗവൈകല്യമോ സംഭവിക്കുക, വിട്ടുമാറാത്ത രോഗം തുടങ്ങിയ സന്ദർഭങ്ങളിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനാണ് ഇൻഷുറൻസ് ഏർപ്പെടുത്തിയത്. റിക്രൂട്മെന്റ് മേഖല ശക്തമാക്കുന്നതിനൊപ്പം ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.