ജിദ്ദ : സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ കഴിഞ്ഞ വർഷം മൂന്നാ പാദത്തിൽ 36.2 ശതമാനവും സ്വദേശി വനിതകൾ. വനിതാ ദിനത്തോടനുബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോർട്ടിലാണ് കണക്കുകൾ. തൊഴിൽ ശക്തിയിലും നേതൃത്വ സ്ഥാനങ്ങളിലും സംരംഭകത്വത്തിലും സൗദി വനിതകളുടെ വർധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ് പുതിയ ഡേറ്റ.
റിപ്പോർട്ട് അനുസരിച്ച് സൗദി വനിതകളുടെ തൊഴിൽ-ജനസംഖ്യ അനുപാതം 31.3% ആയി ഉയർന്നു. രാജ്യത്ത് 9.8 ദശലക്ഷം പേരും സ്ത്രീകളാണ്. ഇത് തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിലെ സ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണ്. കൂടുതൽ സൗദി വനിതകൾ നേതൃത്വത്തിലേക്കും ബിസിനസ്സ് രംഗത്തേക്കും ചുവടുവെക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024ൽ 78,356 സൗദി വനിതകൾ സീനിയർ മാനേജ്‌മെൻ്റ് പദവികൾ വഹിച്ചപ്പോൾ 2023ൽ 551,318 പേർ ബിസിനസ്സ് റജിസ്റ്റർ ചെയ്തു. 2023-ൽ 449,725 സൗദി സ്ത്രീകൾ ഫ്രീലാൻസ് വർക്ക് പെർമിറ്റ് നേടിയതോടെ ഫ്രീലാൻസിങ്ങ് രംഗത്തെ സ്വദേശി വനിതകളുടെ എണ്ണവും വർധിക്കുകയാണ്. അതേസമയം ടൂറിസം വ്യവസായ മേഖലയിലും സ്ത്രീകളുടെ തൊഴിലവസരത്തിൽ വർധനവ് രേഖപ്പെടുത്തി. 2024 ൽ 111,259 സൗദി സ്ത്രീകൾ ടൂറിസവുമായി ബന്ധപ്പെട്ട ജോലികളിൽ ജോലി ചെയ്തു.