ജിദ്ദ: സൗദിയിൽ വിമാന കമ്പനികൾക്ക് വൻ തുക പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്രക്കാർ നൽകിയ പരാതികളും വ്യോമയാന മേഖലയിലെ നിയമലംഘനങ്ങളും പരിഗണിച്ചാണ് നടപടി. വിമാനത്തിനകത്തെ മോശം പെരുമാറ്റത്തിനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനും യാത്രക്കാർക്കെതിരെയും നടപടി സ്വീകരിച്ചു.
വ്യോമയാന ചട്ടങ്ങൾ ലംഘിച്ചതിന് വ്യക്തികൾക്കും വിമാന കമ്പനികൾക്കുമായി 147 നിമയലംഘനങ്ങളാണ് ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ആകെ 38 ലക്ഷം റിയാൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പിഴ ചുമത്തി. യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിലും സമയക്രമം പാലിക്കുന്നതിലും വീഴ്ച വരുത്തിയതിന് 10 ലക്ഷത്തിലധികം റിയാലാണ് വിവിധ വിമാന കമ്പനികൾക്ക് പിഴ ചുമത്തിയത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് 27,70,000 റിയാലും പിഴ ചുമത്തി.