റിയാദ്: സൗദി അറേബ്യ പ്രവാസത്തിന് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമാക്കി മാറിയതായി എക്‌സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്‌സ് വെളിപ്പെടുത്തുന്നു. യുഎസ്, യുകെ, ബെൽജിയം എന്നിവയെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. എക്സ്പാറ്റ് ഇൻസൈഡർ സർവേയുടെ ഏറ്റവും പുതിയ പതിപ്പ് പ്രകാരം, സൗദി അറേബ്യ വർക്കിങ് എബ്രോഡ് ഇൻഡക്‌സിൽ രണ്ടാം സ്ഥാനത്തെത്തി. രാജ്യത്തെ പകുതിയിലധികം പ്രവാസികളും പ്രാദേശിക തൊഴിൽ വിപണിയെ പോസിറ്റീവായി വിലയിരുത്തുന്നു. 2023ൽ 14–ാം സ്ഥാനത്തായിരുന്ന സൗദി, മികച്ച വളർച്ചയാണ് കാഴ്ചവെച്ചത്.
തൊഴിൽ സാധ്യതകൾ, ശമ്പളം, തൊഴിൽ സുരക്ഷ, ജോലി-ജീവിത സന്തുലിതാവസ്ഥ, തൊഴിൽ സംസ്കാരം എന്നിവയാണ് ഈ റാങ്കിങ് നിർണ്ണയിക്കുന്ന ഘടകങ്ങൾ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ സൗദി ഒന്നാം സ്ഥാനത്തെത്തി. യുഎസ്, യുഎഇ എന്നിവയെ പിന്തള്ളിയാണ് ഈ നേട്ടം. 75% പ്രവാസികളും ഈ നീക്കം തങ്ങളുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തിയെന്ന് സമ്മതിക്കുന്നു. 62% പേർ തങ്ങളുടെ വ്യക്തിപരമായ തൊഴിൽ അവസരങ്ങളെ അനുകൂലമായി കാണുന്നു.