റിയാദ് : സൗദി അറേബ്യ 7 വർഷത്തിനുള്ളിൽ 50,000 സ്വദേശി പുരുഷ-വനിത നഴ്സുമാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ ആരോഗ്യമേഖലയിൽ നഴ്സിങ് ജോലികളിൽ സ്വദേശികളുടെ എണ്ണം ഇതിനോടകം ഇരട്ടിയായിട്ടുണ്ട്. 2016-ൽ 40,000 ആയിരുന്ന നഴ്സിങ് ജീവനക്കാരുടെ എണ്ണം 2023-ൽ 90,000 ആയി ഉയർന്നു.
വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി പൊതു-സ്വകാര്യ നഴ്സിങ് കോളജുകളുടെ ശേഷി വർധിപ്പിച്ചതും നഴ്സിങ് പഠനത്തെ പ്രോത്സാഹിപ്പിച്ചതുമാണ് ഈ വളർച്ചയ്ക്ക് കാരണം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ് സൗദി ബോർഡിലേക്കുള്ള പ്രവേശനം വിപുലീകരിച്ചതും 21 ആരോഗ്യ സ്പെഷ്യാലിറ്റികളിലേക്കുള്ള പ്രവേശന നിരക്ക് 50% വർധിപ്പിച്ചതുമാണ് മറ്റൊരു പ്രധാന നേട്ടം.
യോഗ്യതയുള്ള സ്വദേശികളെ ആരോഗ്യമേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം. നഴ്സിങ് ജോലിയെ സ്വദേശികൾക്ക് ഇടയിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.