ജിദ്ദ : സൗദിയില്‍ നിരവധി മേഖലകളിലായി 3.3 ട്രില്യൻ ഡോളറിന്റെ നിക്ഷേപാവസരങ്ങള്‍ ലഭ്യമാണെന്ന് നിക്ഷേപ മന്ത്രാലയം പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കല്‍ അടക്കം നിരവധി ഇളവുകളും ആനുകൂല്യങ്ങളും വിദേശ നിക്ഷേപകര്‍ക്ക് നല്‍കുന്ന പരിഷ്‌കരിച്ച നിക്ഷേപ നിയമം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൃഷി, ഭക്ഷ്യവ്യവസായം, ഊര്‍ജം, ആരോഗ്യ പരിചരണം, വ്യവസായം, മരുന്നുകള്‍, ബയോടെക്‌നോളജി, പെട്രോകെമിക്കല്‍സ്, ധനസേവനം, ഗതാഗതം, ലോജിസ്റ്റിക്‌സ് സര്‍വീസ്, ഖനനം, മിനറല്‍സ്, മാനവശേഷി മൂലധനം, ഇന്നവേഷന്‍, പ്രതിരോധം, സ്‌പേസ്, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി, പരിസ്ഥിതി സേവനം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, വിനോദം അടക്കമുള്ള മേഖലകളില്‍ എമ്പാടും നിക്ഷേപാവസരങ്ങളുണ്ട്.
ലോകത്ത് ഏറ്റവുമധികം വിദേശ നിക്ഷേപ ആകര്‍ഷണീയതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ജി-20 രാജ്യങ്ങളില്‍ ഏറ്റവും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് സൗദി അറേബ്യ. മികച്ച നിക്ഷേപാവസരങ്ങളുള്ള ഒരു വലിയ പ്രാദേശിക വിപണി സൗദി അറേബ്യ പ്രദാനം ചെയ്യുന്നു. 2017 നും 2023 നും ഇടയിലുള്ള കാലത്ത് സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 61 ശതമാനം വര്‍ധിച്ചു.