റിയാദ്: സൗദിയിൽ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി. ഒന്നര ലക്ഷത്തിലധികം സ്ഥാപനങ്ങൾ നിയമം ലംഘിച്ച് പ്രവർത്തിക്കുകയാണെന്ന് കണ്ടെത്തി. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലത്തിന്റെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്.
700,200 സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇതുവരെ പരിശോധന പൂർത്തിയാക്കിയത്. സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. 107,329 സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങളിൽ വീഴ്ച വരുത്തിയതായാണ് കണ്ടെത്തിയത്. ഈ വർഷത്തെ മാത്രം കണക്കാണിത്.
സ്ഥാപന ഉടമകൾ തൊഴിൽ നിയമ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. സൗദിവത്ക്കരണം ശരിയായ രീതിയിൽ നടപ്പാക്കാത്ത 59,891 സ്ഥാപനങ്ങളാണ് ശ്രദ്ധയിൽപെട്ടത്. 16,295 സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകുന്നില്ലെന്നും കണ്ടെത്തി. സൗദി പൗരന്മാർക്ക് സംവരണമുള്ള തൊഴിൽ അവസരങ്ങളിൽ വിദേശികളെ നിയമിച്ച 7,662 സ്ഥാപനങ്ങളെയും പിടികൂടി. നിയമം ലംഘിച്ച 88,776 സ്ഥാപങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സൗദിവത്ക്കരണം പൂർണമായും പാലിച്ച സ്ഥാപനങ്ങളുടെ എണ്ണം 93.5 ശതമാനമായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള പെട്രോൾ സ്റ്റേഷനുകളിലും സർവീസ് സെന്ററുകളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. ഇത്തരം 840 സ്ഥാപനങ്ങളാണ് ഇതുവരെ സന്ദർശിച്ചത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ 19911 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.