ജിദ്ദ : ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1,600 കോടി റിയാലിന്റെ (426 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദത്തില്‍ 2,110 കോടി റിയാലിന്റെ (563 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ വിദേശ നിക്ഷേപങ്ങള്‍ 24 ശതമാനം കുറഞ്ഞു. രാജ്യത്തെത്തിയ നേരിട്ടുള്ള നിക്ഷേപങ്ങള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ 48 ശതമാനവും ഒന്നാം പാദത്തില്‍ 42 ശതമാനവും കുറഞ്ഞിരുന്നു.
എന്നാല്‍ ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ വിദേശ നിക്ഷേപങ്ങള്‍ 37 ശതമാനം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ 1,170 കോടി റിയാലിന്റെ (312 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് സൗദിയിലെത്തിയത്. മൂന്നാം പാദത്തില്‍ സൗദിയില്‍ ആകെ എത്തിയ വിദേശ നിക്ഷേപങ്ങള്‍ 1,800 കോടി റിയാല്‍ (480 കോടി ഡോളര്‍) ആണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് 20.4 ശതമാനം കുറവാണിത്. 2023 മൂന്നാം പാദത്തില്‍ സൗദിയില്‍ ആകെ 2,260 കോടി റിയാലിന്റെ (603 കോടി ഡോളര്‍) വിദേശ നിക്ഷേപങ്ങള്‍ എത്തിയിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ രാജ്യത്ത് ആകെ എത്തിയ വിദേശ നിക്ഷേപങ്ങള്‍ 7.2 ശതമാനമായി കുറഞ്ഞു. രണ്ടാം പാദത്തില്‍ ആകെ 1,940 കോടി റിയാലിന്റെ (517 കോടി ഡോളര്‍) വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തിയിരുന്നു.