റിയാദ്: സൗദി എയർലൈൻസിന്റെ യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വർധനവ്. കമ്പനിയുടെ അന്താരാഷ്ട്ര സേവന നിലവാരവും മെച്ചപ്പെട്ടതായാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നത്.
മൂന്നരക്കോടി യാത്രക്കാരുമായാണ് സൗദി എയർലൈൻസ് പ്രാദേശിക റൂട്ടുകളിലടക്കം കഴിഞ്ഞ വർഷം പറന്നത്. 2023 നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് 15% മാണ്. ഇതിൽ ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം 93 ലക്ഷത്തിനടുത്താണ്. ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണത്തിൽ മാത്രമുണ്ടായത് 18% ന്റെ വളർച്ചയാണ്. അന്താരാഷ്ട്ര സേവനങ്ങളിലെ വർധന 16%മാണ്. രണ്ട് കോടിയിലധികം യാത്രക്കാരാണ് കഴിഞ്ഞ വർഷം മാത്രം സൗദി എയർലൈൻസിന്റെ സേവനം ഉപയോഗപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. കൃത്യ സമയം പാലിക്കുന്ന കാര്യത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2.7% വളർച്ചയാണ്. 581,000 മണിക്കൂറാണ് സൗദി എയർലൈൻസ് കഴിഞ്ഞ വർഷം യാത്രക്കാരെകൊണ്ട് പറന്നത്. സേവനം നൽകിയ സമയത്തിൽ 8.5% ആണ് വർധന. വിമാന സർവീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പ് ഉപയോഗം 40% വർധിച്ചു. ഗവൺമെൻറിന്റെ ഡിജിറ്റൽ വാലറ്റ് വഴി നടന്ന ഇടപാടുകൾ 324% ആയി ഉയർന്നു. നിലവിലെ 147 വിമാനങ്ങളാണ് സൗദി എയർലൈൻസിന്റെതായി ഉള്ളത്. വരും വർഷങ്ങളിൽ 118 പുതിയ ബോയിംഗ് എയർബസ് വിമാനങ്ങൾകൂടി എയർലൈനിന്റെ ഭാഗമാകും.