റിയാദ്: അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിർമാണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേരെ ഈ മാസം അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു.
ഇക്കൂട്ടത്തിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. പ്രതിരോധം, ആരോഗ്യം, ആഭ്യന്തരം, മുനിസിപ്പൽ-പാർപ്പിടം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രതികളുടെ കൂട്ടത്തിലുള്ളത്.
അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം 260 പേരെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ പ്രതികളാണെന്ന് തെളിഞ്ഞ 107 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.