Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾ ശ്രദ്ധിക്കുക, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവരുടെ സുരക്ഷിതത്വവും സംരക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഈ പട്ടിക പുറത്തിറക്കിയത്.

സൗദി അറേബ്യയിൽ നിയമപരമോ സുരക്ഷാപരമോ ആയ ലംഘനങ്ങളായി കണക്കാക്കപ്പെടുന്ന നിരവധി വസ്തുക്കളാണ് നിരോധിത പട്ടികയിലുള്ളത്. എല്ലാത്തരം ലഹരി വസ്തുക്കളും മദ്യവും ഇതിൽ പ്രധാനമാണ്. നിയമവിരുദ്ധ കാര്യങ്ങൾക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രിക്–ഇലക്ട്രോണിക് ഉപകരണങ്ങൾ, പേനകൾ, ക്യാമറ ഘടിപ്പിച്ച കണ്ണടകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.

സുഗന്ധങ്ങൾ അടങ്ങിയ ഇ-പൈപ്പുകൾ, പോക്കർ പോലുള്ള അപകടകരമായ ഗെയിമുകൾ, ചൂതാട്ടത്തിനുള്ള സാമഗ്രികൾ, ശക്തിയേറിയ ലേസറുകൾ, അസംസ്കൃത സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ, ലൈംഗിക വസ്തുക്കൾ, വ്യാജ കറൻസി, മാന്ത്രിക ഉപകരണങ്ങൾ, കച്ചവട ഉദ്ദേശത്തിൽ അളവിലധികമായി കൊണ്ടുവരുന്ന ഭക്ഷണം എന്നിവയും നിരോധന പട്ടികയിൽപ്പെടുന്നു.

യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും എല്ലാ യാത്രക്കാരും ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അഭ്യർത്ഥിച്ചു. നാട്ടിൽനിന്ന് വരുമ്പോൾ വേണ്ടപ്പെട്ടവർക്ക് നൽകാനായി തന്നുവിടുന്ന പൊതികളിൽ ഇത്തരം നിരോധിത സാധനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായി ലഗേജിലോ കൈവശമോ ഇത്തരം സാധനങ്ങൾ കടന്നു കൂടിയാൽ വലിയ നിയമക്കുരുക്കുകളിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments