ദമ്മാം: സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ജനറല്‍ ഫാർമസികളിലും, സ്പെഷ്യലൈസ്ഡ് മെഡിക്കൽ കോംപ്ലക്സുകളിലും 35 ശതമാനവും, ആശുപത്രി ഫാർമസികളിൽ 65 ശതമാനവും, ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ, മരുന്ന് മൊത്തവിതരണ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ 55 ശതമാനവും തൊഴിലുകളില്‍ സ്വദേശികളെ നിയമിച്ചിരിക്കണം. അല്ലാത്ത സ്ഥാപനങ്ങള്‍ പിഴയുള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും. മാനവവിഭവശേഷി മന്ത്രാലയത്തിന്‍റേതാണ് തീരുമാനം.
പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ആറു മാസത്തെ കാലാവധി ഇന്ന് അവസാനിക്കും. ജനറൽ ഫാർമസിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഫാർമസിസ്റ്റ്, ഫാർമസി ടെക്നീഷ്യൻ എന്നിവ ഉൾപ്പെടെ 22 അംഗീകൃത തൊഴിലുകളാണ് സൗദിവൽക്കരണ പരിധിയിൽ വരിക. ‘മൈ പ്രിസ്ക്രിപ്ഷൻ’ പ്രോഗ്രാമിലൂടെ സർക്കാർ ആരോഗ്യ മേഖലകളിലെ മരുന്ന് വിതരണം സ്വകാര്യ ഫാർമസികൾക്ക് കൈമാറാനുള്ള ശ്രമത്തിലാണ്. ഈ തീരുമാനം നിരവധി സൗദി ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വദേശി ഫാർമസിസ്റ്റിന്‍റെ ഏറ്റവും കുറഞ്ഞ വേതനം 7000 റിയാൽ ആയി നിശ്ചയിച്ചിട്ടുണ്ട്. സ്വദേശിവത്കരണ അനുപാതം കണക്കാക്കുന്നതിന് ഇത് അടിസ്ഥാനമാകും. സൗദി ഫാർമസിസ്റ്റുകളെ നിയമിക്കുന്നതിനും, യോഗ്യരായ തൊഴിലാളികളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.



