റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി ആഗോള ടൂറിസം കാമ്പയിന് സൗദിയിൽ തുടക്കമായി. ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും കാമ്പയിൻ. സൗദിയിലെ വൈവിധ്യ പൂർണവും സമ്പന്നവുമായ ആഗോള ഇവന്റുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
’ഐ കേം ഫോർ ഫുട്ബാൾ, സ്റ്റേയ്ഡ് ഫോർ മോർ’ എന്ന തലക്കെട്ടിലായിരിക്കും കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാമ്പയിനിന്റെ പ്രധാന ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. യൂറോപ്പ്, ഇന്ത്യ, ചൈന ഉൾപ്പെടെ പ്രധാന അന്താരാഷ്ട്ര വിപണികളായിരിക്കും കാമ്പയിൻ ലക്ഷ്യമിടുക. വർഷം മുഴുവൻ രാജ്യത്ത് നടക്കുന്ന സ്പോർട്സ്, സംസ്കാരിക, വിനോദ ഇവന്റുകൾ തുടങ്ങിയവ അന്തരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സൗദി എക്സെപ്ഷണൽ കലണ്ടർ ഓഫ് ഇവന്റ്സും കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കി.
ഇ സ്പോർട്സ് വേൾഡ് കപ്പ്, ഫോർമുല വൺ റേസുകൾ, ഗോൾഫ് എൽ ഐ വി ചാമ്പ്യൻഷിപ്പ്, ടെന്നീസ്, ബോക്സിങ് ടൂർണമെന്റുകൾ എന്നിവ കലണ്ടറിൽ ഉൾപെടും.സൗദിയെ ആഗോള സ്പോർട്സ് കേന്ദ്രമാക്കി മാറ്റാനുള്ള യാത്രയിൽ പങ്കാളിയാകുന്നത് അഭിമാനം നൽകുന്നുവെന്നും, രാജ്യത്തിൻറെ സ്ട്രാറ്റജിക് ദർശനം, സംസ്കാരം, ദേശീയത തുടങ്ങിയവ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചു



