റിയാദ്: വേനലവധിയിൽ സൗദിയിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വർധന. 3.2 കോടി സന്ദർശകരാണ് ഇത്തവണത്തെ വേനലവധിയിൽ സൗദിയിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനമാണ് ഉയർച്ച. സന്ദർശകർ രാജ്യത്ത് ചെലവിടുന്ന പണത്തിലും വർധനവുണ്ടായെന്നാണ് സൗദി ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര സന്ദർശകരെ ഉൾപ്പെടുത്തിയുള്ളതാണ് കണക്ക്. സന്ദർശകർ ഈ കാലയളവിൽ രാജ്യത്ത് ചെലവിട്ടത് 5320 കോടി റിയാലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 15%ആണ് വർധന. സൗദി ടൂറിസം മന്ത്രാലയത്തിന്റേതാണ് കണക്കുകൾ.
ജിദ്ദ, റെഡ് സീ, ത്വാഇഫ്, അൽബഹ, അസീർ തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് വിവിധ സമ്മർ സീസൺ പരിപാടികൾ ഒരുക്കിയിരുന്നു. സൗദിയെ ആഗോള ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളും നടപ്പാക്കുന്നുണ്ട്. പ്രത്യേക വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കൽ, അന്തർദേശീയ ഇവന്റുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കൽ, മേഖലയിലെ സേവന നിലവാരം ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നുണ്ട്.



