റിയാദ്: സൗദിയിൽ മലയാളി നേതൃത്വത്തിലുള്ള കൺസൾട്ടൻസി 600 മില്യൺ റിയാലിന്റെ നിക്ഷേപം എത്തിക്കുന്നു. അറബ് ഡ്രീംസ് മേൽനോട്ടത്തിൽ വിദേശ നിക്ഷേപകർ പങ്കെടുത്ത ബിസിനസ് കോൺക്ലേവിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. 12 രാജ്യങ്ങളിൽനിന്നുള്ള വനിതാ സംരംഭകരും പരിപാടിയിലെ ശ്രദ്ധേയ സാന്നിധ്യമായി. ഏഷ്യയിൽ നിന്നും സൗദിയിലേക്ക് ചേക്കേറുന്ന നിക്ഷേപകർക്ക് സൗദിയിലെ അവസരങ്ങൾ ബോധ്യപ്പെടുത്തുന്നതായിരുന്നു കോൺക്ലേവ്.റിയാദിലായിരുന്നു സൗദി ബിസിനസ് ഒപ്പൊര്‍ച്ചുനിറ്റീസ് കോണ്‍ക്ലേവ് നടന്നത്.
സൗദിയിലെ പ്രമുഖ കൺസൾട്ടൻസിയായ അറബ് ഡ്രീംസും ഇന്റർനാഷണൽ ബിസിനസ് വീക്ക് എന്ന ബിസിനസ് കമ്മ്യൂണിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആഗോളതലത്തിലുള്ള ബിസിനസ് മേധാവിമാരുടേയും നിക്ഷേപകരുടെയും എന്റർപ്രെനെഴ്സിന്റെയും ഏകീകൃത കൂട്ടായ്മ ആണ് ഐ.ബി.ഡബ്ല്യു. ചൈന, ഹോങ്കോങ്, മലേഷ്യ, സിംഗപ്പൂർ, അമേരിക്ക, ബ്രിട്ടന്‍, ഖത്തർ, യു.എ.ഇ തുടങ്ങിയ 12 രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകാരും നിക്ഷേപകരും കോൺക്ലേവിൽ പങ്കെടുത്തു.