റിയാദ് : മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ഇതാദ്യമായി പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നിന്നുള്ള റൂമി അൽഖഹ്താനി, ഏതാനും ആഴ്ചകൾക്ക് മുൻപ് മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസ്സിസ് ഗ്ലോബൽ ഏഷ്യനിൽ പങ്കെടുത്തിരുന്നു. ഇതിനു പുറമെ പല ആഗോള സൗന്ദര്യമത്സരങ്ങളിലും റൂമി പങ്കെടുത്തിട്ടുണ്ട്.‘‘ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുകയും സൗദി സംസ്‌കാരവും പൈതൃകവും ലോകത്തിന് കൈമാറുകയുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ’’ – റൂമി വ്യക്തമാക്കി.
മിസ് സൗദി അറേബ്യ കിരീടത്തിന് പുറമേ, മിസ് മിഡിൽ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേൾഡ് പീസ് 2021, മിസ് വുമൺ (സൗദി അറേബ്യ) എന്നീ പദവികളും റൂമി സ്വന്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സും എക്‌സിൽ രണ്ടായിരത്തോളം ഫോളോവേഴ്‌സും റൂമിക്കുണ്ട്. കഴിഞ്ഞ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ ആയിരുന്നു.