ജിദ്ദ: സൗദിയിലെ മിക്ക പ്രദേശങ്ങളിലും ബുധാഴ്ച വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മക്ക മേഖലയിൽ തായിഫ്, മെയ്സാൻ, അദം, അൽ-അർദിയാത്ത്, അൽ-കാമിൽ എന്നിവിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൂടാതെ ഇവിടങ്ങളിൽ വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശകതമായ കാറ്റ്, മണൽക്കാറ്റ് എന്നിവയും പ്രതീക്ഷിക്കുന്നു.
അതേ സമയം മക്ക നഗരത്തിലും സമീപ പ്രദേശങ്ങളായ ജുമും, ബഹ്റ, റാനിയ, ഖുർമ, മോയ എന്നിവിടങ്ങളിലും മഴ നേരിയതോ മിതമായതോ ആയിരിക്കും. റിയാദ് മേഖലയിലും മിതമായ മഴയായിരിക്കും ലഭിക്കുക. എന്നാൽ അഫീഫ്, ദവാദ്മി, ഖുവിയ്യ, മജ്മഅ, അൽ-ഘട്ട്, ഷഖ്‌റ, അസ് സുൽഫി, താദിഖ്, മുറാത്ത്, വാദി അൽ-ദവാസിർ. എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ പൊടിക്കാറ്റ് എന്നിവക്ക് സാധ്യതയുണ്ട്.
കൂടാതെ, ജിസാൻ, അസീർ, അൽ ബഹ മേഖലകളിൽ സാമാന്യം ശക്തമായ മഴയും, മദീന, ഹായിൽ, ഖാസിം എന്നീ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ഉണ്ടാകാനിടയുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്നും, സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും സിവിൽ ഡിഫൻസ് ജനങ്ങളോടാവശ്യപ്പെട്ടു.