റിയാദ്: സൗദി അറേബ്യയിലെ ജനസംഖ്യ മൂന്നു കോടി ഇരുപതു ലക്ഷമായി വർധിച്ചു. ഇതിൽ ഒരു കോടി മുപ്പത്തിനാല് ലക്ഷം പേർ പ്രവാസികളാണ്. ഇവരാണ് ജനസംഖ്യയുടെ 41.6 ശതമാനം. 2022 ലെ സെൻസ് പ്രകാരം ശരാശരി പ്രായം 29 വയസ്സാണ്. അതായത് 63 ശതമാനം സൗദി നിവാസികളും 30 വയസിന് താഴെയുള്ളവരാണ്.
30 ശതമാനം വർധനയാണ് 12 വർഷത്തിനിടെ ജനസംഖ്യയിലുണ്ടായിരിക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ വർഷം നടത്തിയ ജനസംഖ്യാ കണക്കെടുപ്പ് വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. വിദേശകളുടെ എണ്ണത്തിൽ 35 ലക്ഷവും സൗദി പൗരന്മാരുടെ എണ്ണത്തിൽ 48 ലക്ഷവും വർധനയുണ്ടായി. ജനസംഖ്യയിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്.
ജനസംഖ്യയിൽ ഏറ്റവുമധികം ആളുകൾ താമസിക്കുന്നത് റിയാദിലാണ്. സ്വദേശികളിൽ 50.2 ശതമാനവും വിദേശികളിൽ 76 ശതമാനവും പുരുഷന്മാരാണ്. സൗദി ചരിത്രത്തിലെ ഏറ്റവും സമഗ്രവും കൃത്യവുമായ ജനസംഖ്യാ കണക്കെടുപ്പാണിതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അവകാശപ്പെടുന്നു.