ദമ്മാം: സൗദി അറേബ്യക്ക് ഐക്യരാഷ്ട്രസഭാ ടൂറിസം ഓർഗനൈസേഷന്റെ പ്രശംസ. ടൂറിസം മേഖലയിൽ സൗദി കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയെ മുൻനിർത്തിയാണ് അഭിനന്ദനം. കഴിഞ്ഞ വർഷം പത്ത് കോടിയിലേറെ വിദേശ സന്ദർശകർക്ക് ആതിഥ്യമരുളാൻ സൗദിക്ക് കഴിഞ്ഞിരുന്നു.
2023ൽ സൗദി അറേബ്യ ടൂറിസം മേഖലയിൽ കൈവരിച്ച വമ്പൻ നേട്ടങ്ങളെയാണ് ഐക്യരാഷ്ട്ര സഭ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പ്രശംസിച്ചത്. വിനോദ സഞ്ചാര മേഖലയിലെ അസാധാരണ നേട്ടമാണ് സൗദി കൈവരിച്ചതെന്ന് ഓർഗനേസേഷൻ വ്യക്തമാക്കി. ആഗോള ടൂറിസം ഹബ്ബായി മാറാനുള്ള സൗദിയുടെ യാത്രയിലെ നാഴികകല്ലാണ് കൈവരിച്ച നേട്ടം. സൗദി ലക്ഷ്യമിട്ടതിനേക്കാൾ ഏഴ് വർഷം മുമ്പ് ഇത് നേടാനായന്നതും നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ടൂറിസം മേഖലയിലെ സാമ്പത്തിക വൈവിധ്യവൽക്കരണത്തെയും സുസ്ഥിര വികസനത്തെയും നേട്ടം കൂടുതൾ ശക്തിപ്പെടുത്തുമെന്നും യു.എൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.