ദമ്മാം: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കമ്മ്യൂണിറ്റിയായി സൗദി അറേബ്യ മാറിയെന്ന് പഠനം. മിഡിലീസ്റ്റ് മാഗസിനാണ് പഠന റിപ്പോർട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ 99 ശതമാനം പേരും ഇന്റർനെറ്റ് ഉപയോക്താക്കളാണെന്നതാണ് പഠനത്തിൽ പറയുന്നത്. ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റുമായി ഇടപഴകുന്നതും ആശയ വിനിമയ മാർഗ്ഗമായി ഉപയോഗപ്പെടുത്തുന്നതുമായ സമൂഹമാണ് സൗദിയിലെ യുവാക്കൾ. വിനോദം, ഇ-കൊമേഴ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലയിലും ഇവർ സജീവമാണ്. സൗദി വിപണിയിലെ സോഷ്യൽ മീഡിയ പരസ്യങ്ങൾ ഇനിയും വളരുമെന്നും റിപ്പോർട്ട് പറയുന്നു. ഈ വർഷാവസാനത്തോടെ ഈ മേഖലയിലെ പരസ്യ ചിലവ് 453.8 ദശലക്ഷം ഡോളറായി വർധിക്കും. 2025ഓടെ മൊത്ത ദേശീയ ഉൽപാദനത്തിന്റെ 19.2ശതമാനം ഡിജിറ്റൽ സമ്പത്ത് വ്യവസ്ഥയിൽ നിന്ന് കണ്ടെത്തുവാനുള്ള സർക്കാരിന്റെ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്.