ദമ്മാം: സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ കൂടുതൽ ഓഹരികൾ വിറ്റഴിക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപരേഖ തയ്യാറായതായി റിപ്പോർട്ട്. കമ്പനിയെ ഉദ്ധരിച്ച് അന്ത്രാഷ്ട്ര ബിസിനസ് മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ജൂണിൽ ഓഹരി വിൽപ്പന സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പത്ത് ബില്യൺ ഡോളറിന്റെ ഓഹരികളാണ് വിൽക്കാൻ പദ്ധതിയിടുന്നത്.
റിയാദ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്താണ് വിൽപ്പന നടക്കുക. പബ്ലിക് ഓഫറിംഗിലൂടെ തുക സമാഹരിക്കുകയാണ് ലക്ഷ്യം. വിൽപ്പന സംബന്ധിച്ച് പല ഏജൻസികളുമായും കൂടിയാലോചനകൾ നടന്നതായും റിപ്പോർട്ട് പറയുന്നു. എന്നാൽ വിൽപ്പന സംബന്ധിച്ച് അരാംകോ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ നിശ്ചിത ശതമാനം ഓഹരികൾ കമ്പനി വിറ്റഴിച്ചിരുന്നു. രാജ്യത്ത് നടന്നു വരുന്ന വമ്പൻ പദ്ധതികളുടെ പൂർത്തീകരണത്തിനും ദേശീയ പരിവർത്തന പദ്ധതികൾക്കും ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കൂടിയാണ് കൂടുതൽ ഓഹരി വിൽപ്പന നടത്താനൊരുങ്ങുന്നതെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.