റിയാദ്: സൗദി അറേബ്യ ഈ വർഷം ഇതുവരെയായി 71,000 ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായി സകാത്ത് ആൻഡ് ടാക്‌സ് അതോറിറ്റി അറിയിച്ചു. എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. തദ്ദേശിയമായി നിർമിക്കുന്ന ഇലക്ട്രിക് വാഹനനിർമാണ കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് കാറുകളുമുൾപ്പടെ 71,209 വാഹനങ്ങള്‍ സൗദി അറേബ്യ ഇതിനകം ഇറക്കുമതി ചെയ്തതായി സകാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി. 2023 ആദ്യ പകുതിയിലെ കണക്കുകളാണ് അതോറിറ്റി പുറത്തുവിട്ടത്. എട്ട് രാജ്യങ്ങളില്‍ നിന്നാണ് ഇത്തവണ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്കെത്തിയത്. അമേരിക്ക, ജർമനി, ജപ്പാൻ, ചൈന, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഇറക്കുമതി. കഴിഞ്ഞ വർഷം 13,958 ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്തിടത്തുനിന്നാണ് വലിയ വർധനവുണ്ടായത്.