സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണെന്ന് റിപ്പോർട്ട്. 2022 അവസാന പാദത്തെ കണക്കുകൾ ചൂണ്ടിക്കാണിച്ച് സൗദി ജറൽ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-സൗദി വ്യാപാരം കഴിഞ്ഞ വർഷം അവസാന പാദത്തിൽ 4270 കോടി റിയാലായി ഉയർന്നിരുന്നു. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 3280 കോടി റിയാലിന്റെ ഉത്പ്പന്നങ്ങളാണ് കയറ്റി അയച്ചത്. ഇന്ത്യയിൽ നിന്ന് 990 കോടി റിയാലിന്റെ ഉത്പ്പന്നങ്ങൾ ഇറക്കുമതിയും ചെയ്തു.
2022 ഒക്‌ടോബർ മുതൽ ഡിസംബർ വരെ 34,240 കോടി റിയാലിന്റെ കയറ്റുമതിയാണ് വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ നടത്തിയത്. 2021 അവസാന പാദത്തിൽ ഇത് 32,190 കോടി റിയാലായിരുന്നു. കയറ്റുമതിയിൽ 6.4 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞതായും ജനറൽ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തേക്കുളള ഇറക്കുമതി 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വർധിച്ചു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 29.9 ശതമാനം ഇറക്കുമതി വർധിച്ചതായും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.