റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യാന വർഷത്തിന് നാളെ തുടക്കമാകും. ഇന്ത്യൻ എംബസി സ്‌കൂളുകൾക്ക് പുറമേ സ്വകാര്യ സ്‌കൂളുകളും നാളെ മുതൽ ആരംഭിക്കും. പുതിയ അധ്യാന വർഷത്തിനായി സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ ഒരുങ്ങി. പുതിയ അധ്യാന വർഷത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സ്‌കൂളുകളിൽ പൂർത്തിയായതായി സ്‌കൂൾ മാനേജ്മെന്റുകൾ അറിയിച്ചു.
വാർഷിക പരീക്ഷ കഴിഞ്ഞ് അടച്ച സ്‌കൂളുകൾ ഒരു മാസം നീണ്ട അവധിക്ക് ശേഷമാണ് തുറക്കുന്നത്. സ്‌കൂൾ തുറക്കുന്നതോടെ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പല സ്‌കൂളുകളും ഘട്ടം ഘട്ടമായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. നാളെ സെക്കൻഡറി, ഹയർ സെക്കൻഡറി ക്ലാസുകൾക്കും തൊട്ടടുത്ത ദിവസം പ്രൈമറി, പ്രീപ്രൈമറി ക്ലാസുകൾക്കുമായാണ് ക്ലാസുകൾ ആരംഭിക്കുക. പുതിയ ക്ലാസുകളിലേക്കുള്ള അ്ഡ്മിഷനുകൾ ഇതിനകം മിക്ക സ്‌കൂളുകളിലും പൂർത്തിയായിട്ടുണ്ട്. പാഠ പുസ്തകങ്ങളുടെ വിതരണവും ഏറെക്കുറെ പൂർത്തിയായി. ഇന്ത്യൻ സ്‌കൂളുകളിലെ മുതിർന്ന ക്ലാസുകളിൽ കോ എഡുക്കേഷൻ നടപ്പാക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് അവസാന ഘട്ടത്തിൽ പിൻവലിക്കുകയായിരുന്നു.