ഗാർഹിക വിസയിൽ സൗദിയിലെത്തുന്നതിന് 24 വയസ്സ് പൂർത്തിയായിരിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം. പ്രായം തികയാത്തവരുടെ വിസ അപേക്ഷകൾ നിരസിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാർഹിക ജീവനക്കാരുടെ പ്രായപരിധി സംബന്ധിച്ച അന്വേഷണങ്ങൾക്കാണ് മന്ത്രാലയം വിശദീകരണം നൽകിയത്. രാജ്യത്ത് ഗാർഹിക ജോലിയിലേർപ്പെടുന്നതിന് കുറഞ്ഞത് 24 വയസ്സ് പൂർത്തിയായിരിക്കണമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഗാർഹിക ജീവനക്കാരുടെ വിസ നടപടികൾ പൂർത്തിയാക്കാൻ മുസാനിദ് പോർട്ടൽ വഴി അപേക്ഷ നൽകണം. പ്രായ പരിധി സംബന്ധിച്ച നിബന്ധന പാലിക്കാത്തവരുടെ അപേക്ഷകൾ നിരസിക്കും. വിസയുമായി ബന്ധപ്പെട്ട തുടർ അന്വേഷണങ്ങൾക്കും മുസാനിദ് പോർട്ടലിൽ സൗകര്യമേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.