കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിക്കും. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ.എസ്. ചിത്രയും നിർവഹിക്കും.
കലോത്സവ സുവനീർ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എം.പിമാരായ എളമരം കരീം, എം.കെ. രാഘവൻ, കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, സംഘാടക സമിതി വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ.എ.എസ്. സ്വാഗതം പറയും.