തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ നേർവഴിക്ക് നയിക്കാൻ സിപിഎമ്മിന്റെ പഠന ക്ലാസിന് ഇന്ന് തുടക്കം. സമീപകാലത്ത് എസ്എഫ്‌ഐ തുടരെ വിവാദങ്ങളിൽപെട്ടത് സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. സംഘടനാ ബോധം ഇല്ലായ്മയുടെയും നേതൃത്വത്തിന്റെ പക്വതക്കുറവിന്റെയും പ്രതിഫലനമാണ് എസ്എഫ്‌ഐയിലെ പ്രശ്‌നങ്ങളെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇത് മറികടക്കാനാണ് എസ്എഫ്‌ഐയിൽ തെറ്റ് തിരുത്തലിനും സംഘടനാ ബോധം പകർന്നു നൽകാനുള്ള പഠന ക്ലാസുകൾക്കും സിപിഎം തീരുമാനമെടുത്തത്.
മൂന്ന് ദിവസത്തെ പഠന ക്യാമ്പ് വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ക്ലാസുകൾ എടുക്കും. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ അഴിച്ചുപണി വന്നേക്കുമെന്ന് സൂചനകൾ ഉണ്ടെങ്കിലും സിപിഎം നേതൃത്വം അത് തള്ളി.