ന്യൂഡൽഹി : മുൻ കേന്ദ്ര നിയമ മന്ത്രിയും സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാത്രി ഏഴോടെയാണ് അന്ത്യം. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തിലെത്തിയ 1977–79 കാലഘട്ടത്തിലെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമന്ത്രിയായിരുന്നു. മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ പിതാവാണ്. ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തിഭൂഷൺ. രാഷ്ട്രീയ ജീവിതത്തിൽ പലപ്പോഴായി കോൺഗ്രസ് (ഒ), ജനതാ പാർട്ടി, ബിജെപി എന്നീ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായിരുന്നു. രാജ്യസഭാ എംപിയായും സേവനം ചെയ്തു.
1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ, എതിർകക്ഷിയായ രാജ് നരെയ്നുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. നിരവധി മനുഷ്യാവകാശ കേസുകളുടെ ഭാഗമായ ശാന്തി ഭൂഷൺ സാമൂഹിക പ്രവർത്തകനും അഴിമതിക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയുമായിരുന്നു. 1980ൽ ‘സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ’ എന്ന എൻജിഒ രൂപീകരിച്ചു. ഇതുവഴി നിരവധി പൊതുസാൽപര്യ ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
2018ൽ സുപ്രീം കോടതിയിലെ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തിൽ (മാസ്റ്റർ ഓഫ് റോസ്റ്റർ) വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ശാന്തി ഭൂഷൺ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തിൽ സംശയമില്ലെന്നു പറഞ്ഞ് കോടതി അത് തള്ളി.
2012ൽ രൂപീകൃതമായ ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ശാന്തി ഭൂഷൺ. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്കാളിയായിരുന്നു ഇദ്ദേഹം. എന്നാൽ പാർട്ടി രൂപീകൃതമായി രണ്ടു വർഷത്തിനു ശേഷം അരവിന്ദ് കേജ്‍രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടു. പിന്നീട് കേജ്‌രിവാളിന്റെ ശക്തനായ വിമർശകനായും ശാന്തി ഭൂഷൺ മാറി.