ദുബായ് : യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 475 തടവുകാർക്ക് മാപ്പ് നൽകി. തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവർക്കും എല്ലാ നിബന്ധനകളും പാലിച്ചവർക്കുമാണ് മോചനം ലഭിക്കുക.
മോചിതരായവർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും സമൂഹത്തിന്റെ ഭാഗമാകാനും ഒരിക്കൽ കൂടി അവസരം നൽകാനുള്ള ഭരണാധികാരിയുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണ് മാപ്പ്. മാപ്പു ലഭിച്ചവർക്ക് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ കെട്ടുറപ്പും സ്ഥിരതയും നിലനിർത്താനുള്ള ഷാർജ ഭരണാധികാരിയുടെ ആഗ്രഹം പ്രതിഫലിപ്പിക്കുന്ന ദയാപരമായ പ്രവർത്തനത്തിന് ഷാർജ പൊലീസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി നന്ദി പറഞ്ഞു.