ന്യൂഡൽഹി : 78,673 കോടി രൂപയുടെ ധനാഭ്യർഥനകൾ ലോക്സഭ പാസാക്കി. ധനബില്ലും ധനവിനിയോഗ ബില്ലും ഉപധനാഭ്യർഥനകളും പാസാക്കി. ജമ്മു കശ്മീരിന്റെ ഉപധനാഭ്യർഥനകളും ധനവിനിയോഗ ബില്ലുകളും ഇതോടൊപ്പം അംഗീകരിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 5 വർഷം മുൻപത്തെ 6.0 ശതമാനത്തിൽ നിന്ന് 3.2% ആയി കുറഞ്ഞെന്നു ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു. ഇത് ഔദ്യോഗിക കണക്കുകളാണെന്നും അവർ പറഞ്ഞു. നേരത്തെ ബജറ്റ് ചർച്ച തുടങ്ങിയ കോൺഗ്രസ് അംഗം ശശി തരൂർ, സർക്കാരിന്റെ അവകാശവാദങ്ങളൊക്കെ കണക്കുകളുടെ പിൻബലമില്ലാതെ വെറും പൊങ്ങച്ചം മാത്രമാണെന്ന് കണക്കുകൾ നിരത്തി ആരോപിച്ചിരുന്നു. അതിനു മറുപടിയായാണ് ഔദ്യോഗിക കണക്കാണെന്ന് മന്ത്രി പറഞ്ഞത്.
തൊഴിൽശക്തി 57.9% ആയെന്നും യുവാക്കളിലെ തൊഴിലിൽ 6.3% വളർച്ചയുണ്ടായെന്നും മന്ത്രി പറഞ്ഞു. ഇപിഎഫ്ഒയിൽ ചേർന്നവരിൽ 55% വർധനയുണ്ടായി. വനിതകളുടെ തൊഴിൽ മേഖലയിൽ 37% വളർച്ചയുണ്ടായി. വിലക്കയറ്റം പിടിച്ചു നിർത്താൻ കുറഞ്ഞ നിരക്കിൽ ഭാരത് അരി, പരിപ്പ്, ആട്ട എന്നിവ വിൽപന തുടങ്ങിയതായും മന്ത്രി പറഞ്ഞു.