തിരുവനന്തപുരം : മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി കാണണമെന്നും എന്നാൽ പരാതി നൽകില്ലെന്നും തരൂർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്.
നുണപ്രചാരണങ്ങൾ നടത്തുകയാണ്. ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഒരുപാട് സംസാരിക്കുന്നത്. സ്ഥലത്ത് പ്രവർത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് ഞാൻ ഒരുപാട് വികസനം കൊണ്ടുവന്നു.
മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തർക്കം കാരണമാണ് നിർമാണം നടക്കാത്തത്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർഥി ജനങ്ങളെ പറ്റിക്കുകയാണ്. തീരദേശ വോട്ട് ചോരുമെന്ന പേടി എനിക്കില്ല. ചന്ദ്രയാൻ പദ്ധതിയുടെ ക്രെഡിറ്റ് കൂടി ഞാൻ ഏറ്റെടുക്കണമെന്ന് ബിജെപി പറയുന്നു. ഞാൻ എന്ത് ചെയ്തെന്ന് ജനത്തിന് അറിയാം’’ – ശശി തരൂർ പറഞ്ഞു.