കൊച്ചി: മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നും അക്കാര്യം തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തരൂർ തള്ളിയില്ല. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും തരൂർ വ്യക്തമാക്കി.
ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് തമാശയായിരുന്നുവെന്ന് ശശി തരൂർ പറഞ്ഞു. ജനറല്‍ സെക്രട്ടറിയോട് ചിരിച്ചുകൊണ്ട് പറഞ്ഞതാണ് വാര്‍ത്തയായത്. കേരള രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു. തന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ലെന്നും തരൂർ പറഞ്ഞു.