തിരുവനന്തപുരം : പാർട്ടി നിർദ്ദേശിച്ചാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. തിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ശശി തരൂർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ചവച്ചാൽ കോൺഗ്രസ് ഉൾപ്പെടുന്ന യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമെന്നും ശശി തരൂർ പറഞ്ഞു. മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നും തരൂർ മറുപടി നൽകി.
എ.കെ. ആന്റണിയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ടായിരിക്കും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും ശശി തരൂർ വിശദീകരിച്ചു. ‘കെപിസിസി പ്രസിഡന്റ് കെ. സുധാകരനു മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വേറെ ചില എംപിമാരും അവരുടെ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. എംപിയുടെ താൽപര്യങ്ങൾക്ക് അതീതമായി പാർട്ടിയുടെ അഭിപ്രായം കൂടിയുണ്ടല്ലോ. പാർട്ടി പറഞ്ഞാൽ മത്സരിക്കില്ല എന്ന അഭിപ്രായം ആർക്കും ഉണ്ടാകില്ല. സമയം വരുമ്പോൾ പാർട്ടി തീരുമാനിക്കണം. പക്ഷേ, വൈകിക്കാതിരിക്കുന്നതാണ് ഉചിതം.’ – ശശി തരൂർ കൂട്ടിച്ചേർത്തു.